Wednesday, October 23, 2013

നിരീശ്വരവാദി

അത്താഴത്തിനു ശേഷമുള്ള പതിവ് പുകവലിക്കിടെയാണു അയാളുടെ മനസ്സിലേക്ക് ആ തോന്നൽ വന്നു കയറിയത്. നിരീശ്വരവാദിയായാലോ . ഇത് ഇന്നും ഇന്നലെയും തുടങ്ങിയ തോന്നലല്ല. കുറെ നാളായി അയാൾ ഇതേക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ട്. പ്രത്യേകിച്ച് ഫേസ്ബുക്കിൽ നിരീശ്വരവാദികൾ ഈശ്വരവിശ്വാസികളുടെ ചിറകരിഞ്ഞു വീഴ്ത്തുന്ന പോസ്റ്റുകൾ കാണുമ്പോഴെല്ലാം. വലി മതിയാക്കി അയാൾ കിടപ്പറയിലേക്ക് പോയി.

ഭാര്യ നിറവയറുമായി ഉറങ്ങാനുള്ള തയ്യറെടുപ്പിലാണ്. മേശപ്പുറത്ത് വെച്ചിട്ടുള്ള ജഗ്ഗിൽനിന്6നും ഒരു ഗ്ലാസ് വെള്ളം കുടിച്ച് അയാളും കിടന്നു. എന്നു മുതൽ നിരീശ്വരവാദിയാകണം. അയാൾ ആലോചിക്കാൻ തുടങ്ങി.

നാളെ മുതൽ ആയാലോ?

ഏയ് അത് ശരിയാവില്ലാ. നാളെ ഓഫീസിൽ ഒരു സുപ്രധാന മീറ്റിങ്ങുള്ളതാ. താനാണു പ്രസന്റേഷൻ അവതരിപ്പിക്കേണ്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിനു വേണ്ടിയുള്ള കഷ്ടപ്പാടിലായിരുന്നു. നാളത്തെ മീറ്റിങ്ങിന്റെ വിജയം തന്റെ പ്രമോഷനിലും പ്രതിഫലിക്കും.

മറ്റന്നാൾ തീയതി 13. അന്നായാലോ?

ഹേയ് അതും ശരിയാവില്ല. ടൗണിലെ പ്രോപർറ്റി കാണാൻ അന്നൊരു പാർട്ടി വരാമെന്നേറ്റിരിക്കുന്നതാ. അതു വിറ്റുകിട്ടുന്ന പണത്തിലാണ് തന്റെ പല പ്രതീക്ഷകളുമിരിക്കുന്നത്. അതെന്തായാലും മുടങ്ങാൻ പാടില്ല.

പതിനാലാം തീയതിയായാലോ?

അയാൾ ഒന്നു ഞെട്ടി. ഭാര്യക്കു ഡേറ്റ് പറഞ്ഞിരിക്കുന്നത് പതിനഞ്ചിനാണ്. തന്റെ സഹപ്രവർത്തകനും അയൽവാസിയുമായ തോമസിന്റെ ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ഡോക്ടർ പറഞ്ഞ ഡേറ്റ് ഓഗസ്റ്റ് 8 ആയിരുന്നു. പക്ഷെ അയാളുടെ ഭാര്യ പ്രസവിച്ചത് ഓഗസ്റ്റ് 7 നും.  ഒന്നും പറയാൻ പറ്റില്ല. ഒരു ദിവസം മുൻപെയാവാം അല്ലെങ്കിൽ ഒരു ദിവസത്തിനു ശേഷവുമാകാം. കുറേ കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് തറവാട്ടിലൊരു കുഞ്ഞിക്കാലു കാണാനുള്ള സൗഭാഗ്യം വരുന്നതുതന്നെ. അതുകൊണ്ട്  14,15,16 ഈ മൂന്നു ദിവസങ്ങളിലും ഒരു റിസ്കും എടുക്കാൻ താനില്ല.

പിന്നീടുള്ളത് പതിനേഴാം തീയതിയാണ്. അന്നെന്തെങ്കിലും ജോലികളോ വിശേഷങ്ങളോ ഉള്ളതായ് അയാൾക്ക് തോന്നിയില്ല. അപ്പോൾ തന്നെ ഡയറിയെടുത്ത് പതിനേഴാം തീയതി ഒരു സുപ്രധാന ആവശ്യങ്ങളുമില്ലെന്ന് അയാൾ ഉറപ്പു വരുത്തി. അപ്പോൾ പതിനേഴാം തീയതി. അന്നു തന്നെ നിരീശ്വരവാദിയായിക്കളയാം. അയാൾ കലണ്ടറിൽ നോക്കി. പതിനേഴാം തീയതി. വ്യാഴം. ശുഭ കാര്യങ്ങൾക്ക് പറ്റിയ ദിവസം. അങ്ങനെ താനും ഒരു നിരീശ്വരവാദിയാകാൻ പോകുന്നു. ഒരു വലിയ സമസ്യക്ക് ഉത്തരം കണ്ടെത്തിയ ചാരിതാർത്ഥ്യത്തോടെ അയാൾ പ്രാർത്ഥിച്ചു കിടന്നുറങ്ങി.