Wednesday, November 14, 2012

ദീപാവലി സ്പെഷ്യൽ

   ഈ ആഴ്ചയും നാട്ടിലേക്കു പോകേണ്ടി വരുമെന്നു തീരെ കരുതിയിരുന്നില്ലാ. കഴിഞ്ഞ 2-3 ആഴ്ചകളായി നാട്ടിലേക്കു പൊയതിന്റെ ക്ഷീണവുമുണ്ടെന്നു വെച്ചോളൂ. ബാംഗ്ലൂരിൽ നിന്നും തിരുവല്ല വരെ പോയി തിരിച്ചു വരുമ്പൊളേക്കും രൂപാ 2050 വണ്ടിക്കൂലിയിനത്തിൽ മാറിക്കിട്ടും. കസിൻ ചെറുക്കൻ ദുബായിൽ നിന്നും എത്തിയിട്ടൊണ്ട്. വേറൊരു കസിൻ ചേട്ടന്റെ ലാപ്ടോപ് ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞ്  എടുത്തിട്ട് വന്നിട്ട് മാസം ഒന്നായി. എങ്കിൽ പിന്നെ നാട്ടിലേക്കു പോകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ തന്നെ ഒരു കൂട്ടുകാരനെ വിളിച്ച് ടിക്കറ്റ് വാങ്ങാനുള്ള ചുമതല അവന്റെ തലയിൽ വെച്ചുകെട്ടി. മനസ്സിൽ സമാധാനം വരുത്തി കിടന്നൊറങ്ങി.

  പിറ്റേന്ന് ഓഫീസിൽ ചെറിയ തോതിൽ ഒരു ഉച്ചമയക്കം കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ കൂട്ടുകാരന്റെ 3-4 മിസ്സ്ഡ് കോൾസ്. ടിക്കറ്റ് റെഡി ആയെന്നു തോന്നുന്നു. തിരിച്ചു വിളിച്ചു. അവൻ പറഞ്ഞതു കേട്ടു തകർന്നു പോയി. ദീപാവലി പ്രമാണച്ച് ഒറ്റ ടിക്കറ്റു പോലും കിട്ടാനില്ലെന്ന്. വേറെ വല്ല രീതിയിലും ടിക്കറ്റു കിട്ടുമോന്നു നോക്കാൻ എന്നെ ഉപദേശിച്ച് അവൻ ഫോൺ വെച്ചു. സത്യം പറഞ്ഞാൽ ദീപാവലിയെക്കുറിച്ച് ഓർത്തില്ല എന്നതാണു സത്യം. ഇന്നു വ്യാഴം. ദീപാവലി ചൊവ്വാഴ്ച. നാളെ വൈകിട്ടു ബസ് കിട്ടിയാലെ ശനിയാഴ്ച രാവിലെ വീട്ടിലെത്താൻ സാധിക്കൂ. ഞാനാണെങ്കിൽ രാവിലെ തിരുവല്ലായിൽ വിളിച്ചു റിട്ടൺ ടിക്കറ്റ് ബുക്കു ചെയ്യുകയും ചെയ്തു. പിന്നെ അന്നത്തെ ദിവസം ഒരു ജോലിയും ചെയ്തില്ല. റെഡ് ബസിൽ കയറി നോക്കി. എല്ലാ ടിക്കറ്റും സോൾഡ് ഔട്ട്. അറിയാവുന്ന സൈറ്റിലെല്ലാം കേറി നോക്കി. കല്ലഡ, ശർമ, ഷാമാ, വിജി യാത്ര. നോ രക്ഷാ. ട്രയിനിൽ പോകാമെന്നു വെച്ചാ ഉച്ചയാകും വീട്ടിൽ എത്താൻ. അതു കൊണ്ട് ആ പണിക്കു പോയില്ല.

മണിക്കൂറുകൾ റെഡ് ബസിൽ നോക്കിയിരുന്നപ്പോൾ ദാ കെടക്കുന്നു ഒരു ടിക്കറ്റ്. യാത്രാ ഹോളിഡെയ്സിലാണു ഒരു സീറ്റ് കാലി. നോൺ ഏസിയാണു. എന്നാലും സാരമില്ല. ടിക്കറ്റ് വില കണ്ട് ശക്തമായി ഒന്നു ഞെട്ടി. 1200 രൂപാ. അതും നോൺ ഏസീക്ക്. സാധാരണ ദിവസങ്ങളിൽ 500-600 നു കിട്ടുന്ന ടിക്കറ്റാണു. ഇനി പിറകോട്ടില്ലാ എന്നു തീരുമാനിച്ചു കേറി നോക്കി. ബാക്ക് സീറ്റാണു. വേണോ വേണ്ടയോ. കുറേ നേരം ആലോചിച്ചു. ഇനി നോക്കിയിരുന്നാൽ ഇതും പോയലോ. അതു കൊണ്ട്  ഗൂഗിളിൽ തപ്പി യാത്രാ ഹോളിഡെയ്സിന്റെ നമ്പർ എടുത്തു വിളിച്ചു നോക്കി. റെഡ് ബസ്സിൽ കണ്ടതെല്ലാം മായയാണെന്നും ഒരു ടിക്കറ്റ് പൊലും കിട്ടാനില്ലെന്നും മറു വശത്തു നിന്നും മറുപടി കിട്ടി. ഒറിജിനൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിലാണുള്ളതെന്നും അതു കൊണ്ട് റെഡ് ബസ് ക്ലോസ് ചെയ്ത് അവരുടെ വെബ് സൈറ്റ് നൊക്കിയിരിക്കാനും അവർ അരുളിച്ചെയ്തു. വിവരമുള്ളവർ പറഞ്ഞാൽ കേൾക്കണമല്ലോ. ഞാൻ അരയും തലയും മുറുക്കി അവരുടെ വെബ് സൈറ്റിലേക്കിറങ്ങി. ഒരു ടിക്കറ്റുമില്ലാ. ആലപ്പുഴ, എരണാകുളം എല്ലാം നോക്കി. എങ്ങുമില്ലാ ഒരു സീറ്റു പോലും.

മറു നാട്ടിൽ എത്തിയപ്പോൾ ഞാൻ സ്വന്തം നാടിനേ മറന്നിരിക്കുന്നു. മലയാളി ദൈവങ്ങളേ ക്ഷമിക്കണേ എന്നു മനസ്സിൽ പറഞ്ഞ് ഞാൻ നമ്മുടെ സ്വന്തം KSRTC സൈറ്റിൽ ലോഗിൻ ചെയ്തു. സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാൻ തോന്നി. ദാ കെടക്കുന്നു കോട്ടയത്തിനു 3 സീറ്റ് കാലി. ഇനി മുതൽ എനിക്കു KSRTC  മാത്രം മതി എന്നു ഞാൻ തീരുമാനിച്ചു. സമയം കളഞ്ഞാൽ വല്ലവരും ടിക്കറ്റും കൊണ്ട് പോകും. ഞാൻ വേഗം ബുക്ക് ചെയ്യാനുള്ള ലിങ്കിൽ ക്ലിക് ചെയ്തു. തുള്ളിച്ചാടാൻ നിന്ന ഞാൻ വീണ്ടും തകർന്നു പോയി. ബസ്സിലെ മൊത്തം സീറ്റും ബുക്ക്ഡ്. ഇതെങ്ങനെ. ഞാനിപ്പൊ കണ്ടതാണല്ലോ 3 സീറ്റ് കാലിയാണെന്ന്. സംശയ നിവാരണത്തിനായി ഞാൻ വീണ്ടും സെർച്ച് ചെയ്തു നോക്കി. അതാ കാണിക്കുന്നു 3 സീറ്റ് കാലിയാണെന്ന്. പക്ഷെ ബുക്ക് ചെയ്യാൻ നൊക്കിയപ്പോൾ വീണ്ടും ബസ് ഫുള്ളി ബൂക്ക്ഡ്.  മനസ്സിൽ ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചു പതഞ്ഞു വന്നു.

വീണ്ടും യാത്രാ ഹോളിഡെയ്സിലേക്ക് തിരിച്ചെത്തി. തിരുവല്ലാക്കുള്ള ബസ് സെർച് ചെയ്തു നോക്കി. ഒരു സീറ്റ് കാലിയാണെന്നു കാണിക്കുന്നോണ്ട്. വെല്യ സന്തോഷമൊന്നും തോന്നിയില്ലാ. ഇനി ഇതും ചുമ്മാതാണെങ്കിലോ. അവരുടെ ഓഫീസിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അതു ദീപാവലി സ്പെഷ്യൽ തിരുവല്ലാ ബസ് ആണെന്നും ഒരു സീറ്റ് ഒഴിവുണ്ടെന്നും അവർ പറഞ്ഞു. അങ്ങനെ ആ സീറ്റ് ഞാൻ സ്വന്തമാക്കി. വൈകുന്നെരം ചെന്നു കാശും കൊടുത്തു.

അങ്ങനെ വെള്ളിയാഴ്ച ദിവസം വന്നെത്തി. 8 മണിക്കാണു ബസ്. യാത്രാ ഹോളിഡെയ്സിന്റ് ശ്രീ ഭദ്രാ ട്രാവൽസാണു എന്റെ വാഹനം. 7:45 ആയപ്പോൾ ഞാനും എന്റെ 2 കൂട്ടുകാരും കൂടി സ്ഥലത്തെത്തി. അന്വേഷിച്ചപ്പോൾ 8:45 നാണു ബസ് എന്നറിയാൻ കഴിഞ്ഞു. അതു വരെ സമയം കളയാൻ അടുത്തുള്ള ബാറിലേക്ക് എന്റെ കൂട്ടുകാർ എന്നെ ഉന്തിത്തള്ളി കൊണ്ടുപോയി. 2 ബിയർ കുടിച്ചു സമയം നോക്കിയപ്പോൾ 8:40. നേരെ ബസിന്റെ ഓഫീസിലേക്കോടി. വണ്ടി വന്നിട്ടുണ്ടെന്നും ഓടിച്ചെന്ന് അതിൽ ഉപവിഷ്ടനാകാനും ഓഫീസിൽ നിന്നും ഓർഡർ കിട്ടി.

9 മണിക്ക് തന്നെ ബസ് പുറപ്പെട്ടു. നോൺ ഏസീ ബസായതു കൊണ്ട്  തിരുവല്ലാ എത്താൻ 10 മണിയെങ്കിലും ആകുമെന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി.  അടുത്തിരിക്കുന്നത് എറണാകുളത്തിറങ്ങാനുള്ള ഒരു ചേട്ടനാണു. ചേട്ടനുമായി അല്പസമയം കത്തി വെച്ചിട്ട് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് ഊളിയിട്ടു. ഇടക്കെപ്പൊഴൊ ഞാൻ ഞെട്ടിയുണർന്നു. പുറത്തേക്കു നോക്കി. വണ്ടി തമിഴ്നാട്ടിലൂടെ പോകുകയാണു. വല്ലാത്ത മൂത്രശങ്ക. 2 ബിയർ കഴിച്ചിട്ടു ഒരിക്കലും രാത്രിയിൽ ബസിൽ  കയറരുത് എന്ന ലോക തത്വം ഞാൻ അപ്പോൾ തന്നെ മനസ്സിൽ എഴിതിയിട്ടു. മൂത്രശങ്ക ഓരൊ മിനിറ്റിലും കൂടിക്കൂടി വരികയാണു. ബസ് ഓരോ കുണ്ടിലും കുഴിയിലും ചാടുമ്പോഴെല്ലാം അടിവയറ്റിലാരോ മൂർച്ചയുള്ള കത്തി കോണ്ട് കുത്തുന്ന മാതിരിയുള്ള വേദന. ഞാൻ കണ്ണടച്ചു കിടന്നുറങ്ങാൻ തന്നെ തീരുമാനിച്ചു. ഉറങ്ങിയാൽ പിന്നെ ഒന്നുമറിയണ്ടല്ലോ. ഉറക്കത്തിനിടയിൽ ഓവർഫ്ലോ ഒന്നും സംഭവിക്കല്ലേ ദൈവമെ എന്നു പ്രാർഥിച്ചു ഞാൻ കണ്ണടച്ചു കിടന്നു.

ഇടക്കെപ്പോളൊ ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുന്നു.എവിടെയായി എന്നു അടുത്തിരുന്ന ചേട്ടനോട് അന്വേഷിച്ചപ്പോൾ വാളയാറാണെന്നു മറുപടി കിട്ടി. ഞാൻ ചാടി പുറത്തിറങ്ങി അടുത്തു കണ്ട കടയുടെ പുറകിലേക്ക് മൂത്രശങ്ക തീർക്കാൻ വേണ്ടിയോടി. നോക്കിയപ്പോൾ അവിടെ മൊത്തം മൂത്രശങ്കക്കാരുടെ ബഹളം. അപ്പൊ ഞാൻ മാത്രമല്ല ഇവരും 2 ബിയർ പാർട്ടികളാണെന്ന് എനിക്കു മനസ്സിലായി. ഒരു വിധത്തിൽ ശങ്ക തീർത്തു. ഒരു 10 കിലോ കുറഞ്ഞതു പോലെ ഒരു തോന്നൽ. ഞാൻ വാച്ചിൽ നോക്കി. സമയം രാവിലെ 6 മണി.ഇനിയിപ്പോ 11 അല്ല 12 നു പോലും തിരുവല്ലാ എത്തുമെന്നു തോന്നുന്നില്ലാ. ഞാൻ വന്ന ബസ്സിനു പുറകിലായി 2-3 ബസ് കൂടി വന്നു നിൽപ്പുണ്ട്. യാത്രക്കാരിൽ മിക്കവരും പുറത്തിറങ്ങി മൂത്രശങ്ക തീർത്തു ആത്മാവിനു ശാന്തിയും കൊടുത്തു നിൽക്കുന്നു. ഞാൻ മെല്ലെ ബസ്സിലേക്കു കയറി അടുത്ത ഉറക്കത്തിനു തയ്യാറെടുത്തു.

"തിരുവല്ല ഇറങ്ങാനുള്ള യാത്രക്കാർ ആരെങ്കിലും ബസ്സിലുണ്ടോ?" എന്ന ചോദ്യമാണു എന്നെ ഉണർത്തിയത്. ബസ്സിലേ സ്റ്റാഫ്  ആണെന്നു തൊന്നുന്ന ഒരു ചേട്ടായിയുടെ വകയാണു ചോദ്യം. "ഒണ്ടേ" ഞാൻ കൈ പൊക്കി. സ്പെഷ്യൽ ബസ് ആയതു കൊണ്ട് പെർമിറ്റുമായി ബന്ധപ്പെട്ട എന്തോ പ്രശ്നം ഉണ്ടെന്നും 5000 രൂപാ ഫൈൻ അടക്കണമെന്നും  അതു കൊണ്ട് യാത്രക്കാർ പ്രത്യേകിച്ച് തിരുവല്ല യാത്രക്കാർ എല്ലാവരും ചെർന്നു 5000 രൂപാ കൊടുക്കണമെന്നും തിരുവല്ലായിൽ എത്തുമ്പോൾ രൂപാ തിരിച്ചു തരുന്നതാണെന്നും ചേട്ടായിയുടെ വക പ്രഖ്യാപനം വന്നു. 5000 രൂപാ എന്നു കേട്ടതും ഞാൻ സീറ്റിലേക്ക് ഒന്നു കൂടി അമർന്നിരുന്നു കണ്ണുകളടച്ചു. കാശ് കൊടുത്താൽ പുലിവാലാകും എന്നാരോ എന്റെ മനസ്സിലിരുന്നു പറയുന്നുണ്ടായിരുന്നു. തിരുവല്ലായിൽ ഇറങ്ങാനുള്ള ഒരു മഹളാരത്നം ആദ്യ ഗഡു അടച്ചു. ബക്കി വേണ്ടിയ തുക 2 കോട്ടയം യാത്രക്കാരും അടച്ചതോടെ സാമ്പത്തിക മാംദ്യം തീർന്നു. സംഭാവന തന്ന കോട്ടയംകാരുടെ കാശ് കോട്ടയത്തു വെച്ചും തിരുവല്ലാക്കാരിയുടേത് തിരുവല്ലായിൽ എത്തിയ ഉടനെയും തിരുച്ചു നൽകാമെന്നു ചേട്ടായി ഉറപ്പു നൽകി. അങ്ങനെ 7:30 ആയപ്പോഴേക്കും ബസ് വാളയാറിൽ നിന്നും യാത്ര തുടങ്ങി.

പിന്നീടങ്ങോട്ടുള്ള യാത്രയായിരുന്നു ഏറ്റവും മനോഹരം. സൈക്കിൾ യാത്രക്കാർ വരെ നമ്മുടെ ബസ്സിനെ ഓവർടേക്ക് ചെയ്തു പൊകുന്ന സുന്ദരമായ കാഴ്ച. ബസ്സിനുള്ളിൽ ശ്മശാന മൂകത. എവിടെയെങ്കിലും ഒന്നിറങ്ങിയാൽ മതിയെന്ന ഭാവം എല്ലാ മുഖങ്ങളിലും എഴുതി വെച്ചിരിക്കുന്നു. ഏകദേശം 2:30 ആയപ്പോൾ  വണ്ടി നാഗമ്പടം എത്തി. 2:40 ആയിട്ടും വണ്ടി പോകാനുള്ള ലക്ഷണം ഒന്നും കണുന്നില്ല. എന്താ കാര്യം എന്നറിയാൻ തല പുറത്തേക്കിട്ടു നോക്കി. ബസ്സിലെ ഒരു സ്റ്റാഫ് ആരോടോ ഫോണിൽ കയർത്തു സംസാരിക്കുന്നുണ്ട്. അതിനടുത്തായി 2 -3 പേരും നിൽപ്പുണ്ട്. കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം മനസ്സിലായി. കോട്ടയത്തു വരുമ്പോൾ കൊടുക്കാമെന്നേറ്റ പണം ഇതു വരെ അവിടെ എത്തിയിട്ടില്ലാ. ഫോൺ വിളിച്ചിട്ടു മറുപടിയും ഇല്ലത്രേ. ഈ ബസ്സിനു ഇനിയും പോകാനിരുന്നാൽ വീടെത്തണമെങ്കിൽ പാതിരാത്രി കഴിയുമെന്നെനിക്കു മനസ്സിലായി. ബസ്സിൽ ആകെ 3-4 യാത്രക്കാരേയുള്ളു. "ആരെങ്കിലും KSRTC  സ്റ്റാന്റിലേക്കു വരുന്നുണ്ടോ?" ഞാൻ ചോദിച്ചു. 2 പേർ റേഡി. ഞങ്ങൾ 3 പേരും അവിടെ ഇറങ്ങി ഒട്ടോ പിടിച്ചു നേരെ KSRTC  സ്റ്റാന്റിലേക്ക്. എന്റെ കൂടെ വന്ന 2 പേരിൽ ഒരാൾ ടിക്കറ്റ് വാങ്ങിയത് 1500 നും മറ്റേയാൾ 1400 നും. ഓട്ടോയിലിരുന്ന് ഞാൻ ശ്രീ ഭദ്രയേയും അതിന്റെ ഒന്നാം പാപ്പാൻ തമിഴൻ ഡ്രൈവറുചേട്ടനേയും ഒന്നു കലിപ്പിച്ചു നോക്കി.

അങ്ങനെ KSRTC  ബസ്സിൽ കയറി ഞാൻ ഏകദേശം 4 മണിയോടെ വീട്ടിലെത്തി. അടുത്ത ദിവസം വൈകിട്ടു 5 മണിക്കാണു എനിക്കു തിരിച്ചു പോകനുള്ള ബസ്. പിറ്റെ ദിവസം ബസ് കയറാൻ തിരുവല്ലായിൽ എത്തിയപ്പോൾ ഞാൻ കണ്ടു, വെറും സാധാരണ ദീപാവലിയെ എനിക്കു സ്പെഷ്യൽ ദീപാവലിയാക്കിത്തന്ന ശ്രീ ഭദ്രാ ട്രാവൽസ് തിരുവല്ലായിൽക്കൂടി ഇഴഞ്ഞു നീങ്ങുന്നു.

എല്ലാവർക്കും എന്റെ സ്പെഷ്യൽ ദീപാവലി ആശംസകൾ.....