Wednesday, October 23, 2013

നിരീശ്വരവാദി

അത്താഴത്തിനു ശേഷമുള്ള പതിവ് പുകവലിക്കിടെയാണു അയാളുടെ മനസ്സിലേക്ക് ആ തോന്നൽ വന്നു കയറിയത്. നിരീശ്വരവാദിയായാലോ . ഇത് ഇന്നും ഇന്നലെയും തുടങ്ങിയ തോന്നലല്ല. കുറെ നാളായി അയാൾ ഇതേക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ട്. പ്രത്യേകിച്ച് ഫേസ്ബുക്കിൽ നിരീശ്വരവാദികൾ ഈശ്വരവിശ്വാസികളുടെ ചിറകരിഞ്ഞു വീഴ്ത്തുന്ന പോസ്റ്റുകൾ കാണുമ്പോഴെല്ലാം. വലി മതിയാക്കി അയാൾ കിടപ്പറയിലേക്ക് പോയി.

ഭാര്യ നിറവയറുമായി ഉറങ്ങാനുള്ള തയ്യറെടുപ്പിലാണ്. മേശപ്പുറത്ത് വെച്ചിട്ടുള്ള ജഗ്ഗിൽനിന്6നും ഒരു ഗ്ലാസ് വെള്ളം കുടിച്ച് അയാളും കിടന്നു. എന്നു മുതൽ നിരീശ്വരവാദിയാകണം. അയാൾ ആലോചിക്കാൻ തുടങ്ങി.

നാളെ മുതൽ ആയാലോ?

ഏയ് അത് ശരിയാവില്ലാ. നാളെ ഓഫീസിൽ ഒരു സുപ്രധാന മീറ്റിങ്ങുള്ളതാ. താനാണു പ്രസന്റേഷൻ അവതരിപ്പിക്കേണ്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിനു വേണ്ടിയുള്ള കഷ്ടപ്പാടിലായിരുന്നു. നാളത്തെ മീറ്റിങ്ങിന്റെ വിജയം തന്റെ പ്രമോഷനിലും പ്രതിഫലിക്കും.

മറ്റന്നാൾ തീയതി 13. അന്നായാലോ?

ഹേയ് അതും ശരിയാവില്ല. ടൗണിലെ പ്രോപർറ്റി കാണാൻ അന്നൊരു പാർട്ടി വരാമെന്നേറ്റിരിക്കുന്നതാ. അതു വിറ്റുകിട്ടുന്ന പണത്തിലാണ് തന്റെ പല പ്രതീക്ഷകളുമിരിക്കുന്നത്. അതെന്തായാലും മുടങ്ങാൻ പാടില്ല.

പതിനാലാം തീയതിയായാലോ?

അയാൾ ഒന്നു ഞെട്ടി. ഭാര്യക്കു ഡേറ്റ് പറഞ്ഞിരിക്കുന്നത് പതിനഞ്ചിനാണ്. തന്റെ സഹപ്രവർത്തകനും അയൽവാസിയുമായ തോമസിന്റെ ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ഡോക്ടർ പറഞ്ഞ ഡേറ്റ് ഓഗസ്റ്റ് 8 ആയിരുന്നു. പക്ഷെ അയാളുടെ ഭാര്യ പ്രസവിച്ചത് ഓഗസ്റ്റ് 7 നും.  ഒന്നും പറയാൻ പറ്റില്ല. ഒരു ദിവസം മുൻപെയാവാം അല്ലെങ്കിൽ ഒരു ദിവസത്തിനു ശേഷവുമാകാം. കുറേ കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് തറവാട്ടിലൊരു കുഞ്ഞിക്കാലു കാണാനുള്ള സൗഭാഗ്യം വരുന്നതുതന്നെ. അതുകൊണ്ട്  14,15,16 ഈ മൂന്നു ദിവസങ്ങളിലും ഒരു റിസ്കും എടുക്കാൻ താനില്ല.

പിന്നീടുള്ളത് പതിനേഴാം തീയതിയാണ്. അന്നെന്തെങ്കിലും ജോലികളോ വിശേഷങ്ങളോ ഉള്ളതായ് അയാൾക്ക് തോന്നിയില്ല. അപ്പോൾ തന്നെ ഡയറിയെടുത്ത് പതിനേഴാം തീയതി ഒരു സുപ്രധാന ആവശ്യങ്ങളുമില്ലെന്ന് അയാൾ ഉറപ്പു വരുത്തി. അപ്പോൾ പതിനേഴാം തീയതി. അന്നു തന്നെ നിരീശ്വരവാദിയായിക്കളയാം. അയാൾ കലണ്ടറിൽ നോക്കി. പതിനേഴാം തീയതി. വ്യാഴം. ശുഭ കാര്യങ്ങൾക്ക് പറ്റിയ ദിവസം. അങ്ങനെ താനും ഒരു നിരീശ്വരവാദിയാകാൻ പോകുന്നു. ഒരു വലിയ സമസ്യക്ക് ഉത്തരം കണ്ടെത്തിയ ചാരിതാർത്ഥ്യത്തോടെ അയാൾ പ്രാർത്ഥിച്ചു കിടന്നുറങ്ങി.

Friday, March 22, 2013

മാജിക് മാജിക്ക്..

പ്രീയപ്പെട്ട സുഹൃത്തുകളേ, ഇന്നു ഞാൻ നിങ്ങൾക്കായി രണ്ട് ഭയങ്കരമാന മാജിക്കുകൾ പരിചയപ്പെടുത്താൻ പോവുകയാണു.  ഈ മാജിക്കുകൾ കാണിച്ച് കൊച്ചുന്നാളിൽ ഞാൻ കുറച്ചു പേരെ അമ്പരപ്പിച്ചിട്ടുള്ളതാണു. മാജിക് എന്നു പറയുമ്പോൾ മജീഷ്യൻ മുതുകാടും,സാമ്രാട്ടും കാണിക്കുന്നതു പോലെയുള്ള ചീളു മാജിക്കൊന്നുമല്ല. കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റുന്ന, കണക്കുകൾ കൊണ്ടുള്ള രണ്ട് ഉഗ്രൻ മാജിക്കുകളുടെ ചുരുളുകളാണു ഞാൻ ഇന്നിവിടെ അഴിക്കാൻ പോകുന്നത്. കാണികൾ എന്നു പറയുമ്പോൾ, തീരെ ചെറിയ കുട്ടികൾ, മുതിർന്നവരാണെങ്കിൽ സ്കൂളിന്റെ പടി കാണാത്തവർ, അഥവാ സ്കൂളിൽ പോയിട്ടുള്ളവരാണെങ്കിൽത്തന്നെ കണക്കു പരീക്ഷക്കു പൊട്ടിയവർ എന്നിവരെയാണു ഞാൻ ഉദ്ദേശിച്ചത്. ഇനി മാജിക്കിന്റെ വിശദാംശങ്ങളിലേക്കു കടക്കാം.

മാജിക്ക്  # 1
ആവശ്യമുള്ള വസ്തുക്കൾ: മജീഷ്യൻ (ഒന്ന്), കാണി അഥവാ ഇര (മിനിമം ഒന്നെങ്കിലും), ഒരു ഷീറ്റ് പേപ്പർ (വരയിട്ടത്), പേന അല്ലെങ്കിൽ പെൻസിൽ (ഒന്ന്).

ആദ്യമായ് കാണിയോട് പേപ്പറിൽ ഒരു മൂന്നക്ക സംഖ്യ എഴുതുവാൻ ആവശ്യപ്പെടുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1) സംഖ്യയിൽ പൂജ്യം ഉണ്ടാകാൻ പാടില്ല.
2) ഒരക്കം ഒന്നിൽ കൂടുതൽ പ്രാവശ്യം ആവർത്തിക്കാൻ പാടില്ല.
3) എഴുതുന്ന സംഖ്യ ഒരു കാരണവശാലും മജീഷ്യൻ കാണാൻ പാടില്ല.

കാണി സംഖ്യ എഴുതിയതിനു ശേഷം, അതേ സംഖ്യ തന്നെ തിരിച്ചെഴുതാൻ അതായത് വിപരീത ക്രമത്തിൽ എഴുതുവാൻ കാണിയോട് ആവശ്യപ്പെടുക. (ഉദാ: കാണി ആദ്യം എഴുതിയത് 123 ആണെങ്കിൽ വിപരീത ക്രമത്തിൽ എഴുതുമ്പോൾ 321 കിട്ടും). ഇപ്പോൾ കാണിയുടെ കൈവശമുള്ള പേപ്പറിൽ രണ്ട് സംഖ്യകളാണുള്ളത്. ഇനി കാണിയോട് വലിയ സംഖ്യയിൽ നിന്നും ചെറിയ സംഖ്യ തെറ്റു കൂടാതെ കുറക്കുവാൻ പറയുക. ഇപ്പോൾ കിട്ടിയ ഉത്തരത്തിനോട് മജീഷ്യൻ പറയുന്ന സംഖ്യ കൂട്ടുവാൻ ആവശ്യപ്പെടുക. (മജീഷ്യന്റെ ശ്രദ്ധക്ക്. 10,20,30,40,50,60,70,80,90,100 എന്നിവയിലേതെങ്കിലുമൊരു സംഖ്യയായിരിക്കണം കൂട്ടുവാൻ ആവശ്യപ്പെടേണ്ടത്.) കാണി അപ്രകാരം ചെയ്തു കഴിയുമ്പോൾ ഒരു മൂന്നക്ക സംഖ്യ ഉത്തരമായി ലഭിക്കും. ഇനി കാണിയോട് കിട്ടിയ ഉത്തരത്തിന്റെ ആദ്യത്തെ അക്കം പറയുവാൻ ആവശ്യപ്പെടുക. കാണി ആദ്യത്തെ അക്കം പറയുന്നു. ഇനിയാണു മജീഷ്യൻ കാണിയെ ഞെട്ടിക്കാൻ പോകുന്നത്. എങ്ങനെയാണെന്നല്ലേ. കാണിക്കു ലഭിച്ച ഉത്തരം മജീഷ്യൻ പറഞ്ഞു കേൾപ്പിക്കുന്നു. കാണി ഞെട്ടുന്നു. മജീഷ്യൻ ചിരിക്കുന്നു. എങ്ങനെ ഉത്തരം കണ്ടുപിടിക്കും എന്നല്ലേ നിങ്ങൾ ഇപ്പോൾ ആലോചിച്ചത്. വിശദമായിപ്പറയാം കേട്ടോളൂ.

കാണി മജീഷ്യനോട് കിട്ടിയ ഉത്തരത്തിന്റെ ആദ്യത്തെ അക്കം പറയുന്നുണ്ടല്ലോ. ആ അക്കം 10 ൽ നിന്നും കുറച്ചാൽ കിട്ടുന്നതാണു അവസാനത്തെ അക്കം. അതായത് ആദ്യത്തെ അക്കം 2 ആണെങ്കിൽ അവസനത്തെ അക്കം 8 ആയിരിക്കും. അതു പോലെ ആദ്യത്തെ അക്കം 3 ആണെങ്കിൽ അവസനത്തെ അക്കം 7 ആയിരിക്കും. അങ്ങനെയങ്ങനെയങ്ങനെ പോകും.

കാണിക്ക് അക്കങ്ങൾ തമ്മിൽ കുറച്ചപ്പോഴും കൂട്ടിയപ്പോഴും തെറ്റുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ കിട്ടിയ ഉത്തരം ഒരു മൂന്നക്ക സംഖ്യയായിരിക്കും. ഇപ്പോൾ നമുക്ക് 2 അക്കങ്ങൾ കിട്ടി. ആദ്യത്തേതും അവസാനത്തേതും. ഇനി നമുക്കു കിട്ടേണ്ടത് നടുക്കത്തെ അതായത് രണ്ടാമത്തെ അക്കമാണു. അതെങ്ങനെ കിട്ടുമെന്നു നോക്കാം.

മജീഷ്യൻ കാണിയോട് ഒരു സംഖ്യ കൂട്ടുവാൻ ആവശ്യപ്പെടുന്നുണ്ടല്ലോ. അതായത് 10,20,30,40,50,60,70,80,90,100 എന്നിവയിൽ ഏതെങ്കിലും ഒരു സംഖ്യ. ഈ സംഖ്യകളോരോന്നും മറ്റൊരു മറ്റൊരു സംഖ്യയെക്കുറിക്കുന്നു അഥവാ സൂചിപ്പിക്കുന്നു. അതായത്

10 ---> 0
20 ---> 1
30 ---> 2
40 ---> 3
50 ---> 4
60 ---> 5
70 ---> 6
80 ---> 7
90 ---> 8
100  ---> 9


ഇതു കാണാതെ പടിക്കണമെന്നില്ല (വട്ടത്തിലുള്ള "ട" എങ്ങനെ എഴുതുമെന്നറിയില്ല. അതു കൊണ്ടാ. ക്ഷമി.). ഈ സംഖ്യകളുടെ അവസ്സാനത്തെ പൂജ്യം ഒഴിവാക്കി കിട്ടുന്ന സംഖ്യയിൽ നിന്നും ഒന്നു കുറച്ചാൽ മതി. (ഉദാ: 40. അവസാനത്തെ പൂജ്യം ഒഴിവാക്കിയാൽ 4. ഇനി 4 ൽ നിന്നും 1 കുറച്ചാൽ 3. ഇതേ പോലെ 50 നു 4, 60 നു 5,  അങ്ങനെ പോകുന്നു.) ഈ സംഖ്യയായിരിക്കും നമ്മുടെ മൂന്നക്ക ഉത്തരത്തിന്റെ നടുക്കുള്ള സംഖ്യ.

മൊത്തത്തിൽ ഉദാഹരിച്ചാൽ

കാണി ആദ്യമായി എഴുതിയത് - 624
അതിന്റെ വിപരീത ക്രമം - 426
വലിയ സംഖ്യയിൽ നിന്നും ചെറിയ സംഖ്യ കുറച്ചാൽ  624 - 426 = 198

ഇനി ഒരു സംഖ്യ കൂട്ടുവാൻ ആവശ്യപ്പെടാം (ഉദാ: 80)

അപ്പോൾ 198 + 80 = 278

കാണിയോട് കിട്ടിയ ഉത്തരത്തിന്റെ (278) ആദ്യത്തെ അക്കം പറയാൻ ആവശ്യപ്പെടാം. അതായത് 2.

ഇനി മജീഷ്യൻ ചെയ്യേണ്ടത് 10 ൽ നിന്നും 2 കുറക്കുക. അപ്പോൾ 10-2=8

അപ്പോൾ ആദ്യത്തെ അക്കം 2. അവസാനത്തേത് 8.
ഇനി നടുക്കത്തെ അക്കം കണ്ടുപിടിക്കാം. മജീഷ്യൻ കൂട്ടുവാൻ ആവശ്യപ്പെട്ടത് 80. മുകളിലത്തെ മാപ്പിങ് ടേബിൾ പ്രകാരം 80 ---> 7. അതായത് നടുക്കത്തെ അക്കം 7. അപ്പോൾ ഉത്തരം 278.

മജീഷ്യൻ പറഞ്ഞ ഉത്തരമല്ല കാണിക്ക് കിട്ടിയിരിക്കുന്നതെങ്കിൽ , കൂട്ടിയതിലോ കുറച്ചതിലോ കാണിക്കു എന്തോ തെറ്റ് പറ്റി എന്നുറപ്പിക്കാം.

എങ്ങനെയുണ്ടായിരുന്നു കണക്ക് മാജിക്ക്. എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു കരുതുന്നു.

രണ്ടാമത്തെ മാജിക്ക് അൽപം വളഞ്ഞ വഴിയിലുള്ളതാണു. അത് അടുത്ത പോസ്റ്റിൽ പറയാം. അപ്പോ എല്ലാവർക്കും നന്ദി.