Friday, July 20, 2012

തട്ടത്തിൻ മറയത്തു കണാൻ പോയപ്പോൾ

2 ദിവസം മുൻപാണു തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രം കണ്ടത്. ചങ്ങനാശേരി അഭിനയയിൽ. ഏകദേശം 2 വർഷമാകുന്നു തീയറ്ററിൽ പോയി സിനിമ കണ്ടിട്ട്. ഏകദേശം 1:20 ആയപ്പൊഴാണു തിരുവല്ലയിൽ നിന്നും ഞാനും എന്റെ 2 സുഹൃത്തുകളും 2 ബൈക്കുളിൽ യാത്ര തിരിക്കുന്നത്. 1:30 നു ചങ്ങനാശേരിയിൽ എത്തുമ്പൊൾ ജനപ്രളയം. മുഴുവൻ കോളേജ് കുട്ടികൾ. പട്ടികടിക്കാനായിട്ട് അന്നു വിദ്യഭ്യാസ ബന്ദായിരുന്നത്രേ. രാവിലെ പത്രത്തിൽ കണ്ടതാണു. എന്നിട്ടും ഓർത്തില്ലാ.

ഇനി എന്നാ പണ്ണലാം എന്ന ഭാവത്തിൽ 3 പേരും മുഖം നോക്കി അല്പസമയം നിന്നു.  അഭിനയയിൽ തട്ടത്തിൻ മറയത്തും അനുവിൽ ഉസ്താദ് ഹോട്ടലുമാണു കളിക്കുന്നത്. "അനിയാ ഒരു ടിക്കറ്റ് " എല്ലാവന്മാരേയും ദയനീയതയോടെ നോക്കി. നോ രക്ഷ. അവന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാവിലെ ക്യൂ നിന്നു ഊജ്വല പ്രകടനം കാഴ്ച വെച്ചവരാണത്രെ. എങ്ങനെ കിട്ടാനാ. പടം രണ്ടും തരക്കേടില്ലാത്ത അഭിപ്രായമൊള്ളത്. പോരാത്തതിനു കോളേജുകൾക്കും അവധി. 3 വമ്പൻ കോളേജുകളാണു ചങ്ങനാശേരയിൽ. സ്കൂൾ കുട്ടികൾ വെറെയും.

പതിയെ ഉള്ളിലേക്കു നോക്കി. ആൺകുട്ടികൾ പുച്ച്ഛത്തോടെ മുഖം തിരിക്കുന്നു. കുറേ അണ്ണന്മാർ ക്യൂവിൽ നിൽക്കുന്ന സ്ത്രീ ജനങ്ങളോടു  "ചേച്ചീ ഒരു ടിക്കറ്റ്, പ്ലീസ്" എന്നും പറഞ്ഞു യാചന നടത്തുന്നു.ചേച്ചി,  ഇല്ല എന്ന ഭാവത്തിൽ മുഖം തിരിച്ചു നിൽക്കുന്നു. ഇനി എന്റെ അവസരം. ഞാൻ മെല്ലെ ചേച്ചിയുടെ അടുത്തേക്കു. "എക്സ്ക്യൂസ് മീ മോളൂ , എനിക്കു ഒരു 3 ടിക്കറ്റ് എടുത്തു തരാമോ? " ഞാൻ മുഖത്തു പരമാവധി ദയനീയത വരുത്തി ചോദിച്ചു. ഇവിടെ ഒരു ടിക്കറ്റ് ചോദിച്ചവനു എടുത്തു കൊടുത്തില്ലാ അതിനെടക്കാ ഒരുത്തൻ മൂന്നെണ്ണം ചോദിക്കുന്നതു എന്ന ഭാവത്തിൽ എന്നെ ഒന്നു നോക്കി. ഞാൻ മുഖത്തു കുറച്ചു കൂടി ദയനീയത കുത്തി നിറച്ചു. "ഒരാൾക്കു 3 ടിക്കറ്റേ കൊടുക്കൂ. എന്റെ കയ്യിൽ ഇപ്പോ തന്നെ 4 എണ്ണമൊണ്ട്". കുട്ടി തന്റെ നിസ്സഹായത വെളിപ്പെടുത്തി. അപ്പോൾ അവളുടെ കൂട്ടുകാരിയാണെന്നു തൊന്നുന്നു ഒരുത്തി അടുത്തേക്കു വന്ന് എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. ഞാനും ദയനീയതയും വീണ്ടും. ഭാഗ്യം ആ കുട്ടി കൂട്ടുകാരിയുടെ പിന്നിൽ ക്യൂവിൽ കയറി ചെയ്ജു തരണേ ചേട്ടാ എന്നൊരു അപേക്ഷയും തന്നു. ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റ് റെഡി.

 കുട്ടിക്കു നൂറു നന്ദിയും നൂറു പുണ്യവും വാഗ്ദാനം ചെയ്തു ഞങ്ങൾ നടന്നു നീങ്ങി. നേരത്തെ ടിക്കറ്റ് ചോദിച്ചു നാണം കെട്ട പയ്യൻസ് ഞങ്ങളെ നോക്കി എന്തോ പിറുപിറുക്കുന്നു. +2 ക്കാരി പെണ്ണിനെ നോക്കി ചേച്ചീ എന്നു വിളിച്ചാൽ അവളു പത്തു പൈസാ പിച്ച പോലും തരില്ലാ പിന്നെയല്ലേ ടിക്കറ്റ്.

പടം 2 മണിക്കേ തൊടങ്ങൂ. ഇപ്പൊ 1:40 ആയതേയൊള്ളു. മ്മക്ക് ഓരോ നാരങ്ങാവെള്ളം പൂശിയാലോ എന്നാരോ പറഞ്ഞു. നേരെ മുൻപിൽ കണ്ട ബാറിൽ കയറി ഓരോ ചില്ഡ് വെള്ളവും കുടിച്ച് നേരേ തീയറ്ററിലേക്ക്. ഒരുമിച്ചു കയറിയ ഞങ്ങൾ മൂന്നു പേരും മൂന്നു മൂലകളിലായി പ്രതിഷ്ഠിക്കപ്പെട്ടു.


ഇനി പടത്തെക്കുറിച്ച്. പടത്തെപ്പറ്റി ഒരു പാട് ബ്ലോഗുകളിലും മറ്റും വായിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും. എന്റെ അഭിപ്രായത്തിൽ കണ്ടിരിക്കാവുന്ന ഒരു നല്ല കൊച്ചു സിനിമ. ഹിന്ദു-മുസ്ലിം പ്രേമമാണു പ്രമേയമെങ്കിലും ആ പ്രേമത്തിന്റെ ഒരു ആഴം അനുഭവിച്ചതായി തോന്നിയില്ല. അതിനാൽ തന്നെ നിറം, അനിയത്തിപ്രാവ് എന്നിവ കണൽപ്പോൾ തോന്നിയ ഒരു ഫീൽ ഉണ്ടായില്ല എന്നു തന്നെ പറയാം. നായകനായി അഭിനയിച്ച നിവീൻ പോളി തന്റെ ഭാഗം ഗംഭീരമാക്കി എന്നു തന്നെ പറയാം. നായിക ഒരു ഒന്നൊന്നര സുന്ദരിക്കുട്ടി തന്നെ. അതിനപ്പുറം ഒന്നുമില്ല. നായകന്റെ കൂട്ടുകാരും കൊള്ളാം. ആരുടേയും പേരൊന്നും അറിയില്ലാ. മനോജ് കെ ജയന്റെ പ്രകടനം കുറച്ചു ബോറായതായി തോന്നി. ശ്രീനിവാസന്റെ പ്രകടനത്തെപ്പറ്റി പ്രത്യേകിച്ചൊന്നും തോന്നിയില്ല.

മൊത്തത്തിൽ ഇതു വിനീത് ശ്രീനിവാസന്റെ ബുദ്ധിപരമായ ഒരു സിനിമ എന്നു വേണമെങ്കിൽ പറയാം. അത്രക്കും കയ്യടക്കത്തോടെ തന്നെ വിനീത് തന്റെ ഭാഗങ്ങളെല്ലാം ഗംഭീരമാക്കി. പാട്ടുകളും മികച്ചവ തന്നെ. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ എല്ലാ ട്രെൻഡുകളും മനസ്സിലാക്കി തന്നെയണു വിനീത് സിനിമയെടുത്തിരിക്കുന്നതെന്നു പറയാം.

ഉള്ളിൽ തട്ടുന്ന രംഗങ്ങളൊന്നും തന്നെയില്ലേങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സിനിമയാണു തട്ടത്തിൻ മറയത്തു. മലയാളത്തിലെ ഒരു മിനിമം ഗ്യാരന്റി സംവീധായകനാകും വിനീത് എന്നതിൽ ഒരു സംശയവും തോന്നുന്നില്ല.  വിനീതിനും മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

[സിനിമ കണ്ടു പുറത്തിറങ്ങി ടിക്കറ്റ് വാങ്ങിതന്ന കുട്ടികൾക്കു വീണ്ടും ഓരോ നന്ദി രേഖപ്പെടുത്തി ഗേറ്റു കടക്കുമ്പോഴാണു ചെങ്ങന്നൂരിൽ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയായ ഒരു കുഞ്ഞനിയന്റെ മൃതദേഹവുമായുള്ള വിലാപയാത്ര മുന്നിലൂടെ കടന്നു പോയത്. സിനിമ കണ്ടു പുറത്തിറങ്ങിയപ്പോഴുണ്ടായ സന്തോഷം ഒരു വീർപ്പുമുട്ടലിനു വഴി മാറി]

0 comments: